Sunday, May 12, 2013

പ്രിയപ്പെട്ട ഉമ്മാ....

ഇന്ന് ലോക മാതൃദിനമാണ്.
ഉമ്മയടക്കമുള്ള എല്ലാ ഉമ്മമാരേയും അവരുടെ മക്കൾ പ്രത്യേകമായി ഓർക്കുന്ന ദിവസം.സത്യത്തിൽ ഞങ്ങൾക്ക് നിങ്ങളെ ഓർക്കാൻ ഇങ്ങിനെയൊരു ദിവസത്തിന്റെ ആവശ്യമൊന്നുമില്ലാട്ടോ ഉമ്മാ..
എന്നാലും ലോകം മാറികൊണ്ടെയിരിക്കുകയല്ലേ... ഇവിടെ ഇപ്പോൾ എല്ലാവർക്കുംഓരോദിവസങ്ങളുണ്ട്‌,പ്രണയിക്കുന്നവർക്കും,അച്ചന്മാർക്കും,കുട്ടികൾക്കും,വൃദ്ധന്മാർക്കും,വനിതകൾക്കും ..എല്ലാവർക്കും ഓരോ ദിനങ്ങൾ .അതിലൊരു ദിനമാണ് മാതൃദിനവും ..
ഇപ്പോൾ പഴയപോലെയോന്നുമല്ല ഉമ്മാ. നമ്മുടെ നാട്ടിൽ അനാഥകുട്ടികളെ സംരക്ഷിക്കാൻ യത്തീംഖാനകൾ ഉണ്ടായിരുന്നില്ലേ.അതുപോലെ ഇപ്പോൾ ഉമ്മമാരെയും,ഉപ്പമാരെയും സംരക്ഷിക്കാൻ നാട് നിറയെ വൃദ്ധ സദനങ്ങളുമുണ്ട്.
അതെന്താ അവരെ മക്കൾ സംരക്ഷിക്കാത്തെ എന്നിപ്പോൾ നിങ്ങൾ സംശയിക്കുന്നുണ്ടാകും.ആർക്കും സമയമില്ലുമ്മാ. മിക്കവാറും വീടുകളിലെ മകനും ഭാര്യക്കും ജോലിയുണ്ടാകും. അതുപോലെ ഇപ്പോൾ ആർക്കും പഴയ പോലെ നാലും അഞ്ചും കുട്ടികൾ ഒന്നുമില്ല ..അതുകൊണ്ട് തന്നെ മകളെ കെട്ടിച്ചു അയക്കുകേം മകന് മറുനാട്ടിൽ ജോലി കിട്ടുകേം ചെയ്‌താൽ പ്രായമായ അച്ഛനും അമ്മേം മാത്രം വീട്ടിൽ തനിച്ചാവും.അവരെ ഒന്ന് ആശുപത്രിയിൽ കൊണ്ട് പോവാനോ,സമയത്തിന് ഭക്ഷണം കൊടുക്കാനോ ഒന്നും ആരുമുണ്ടാകില്ല.
അപ്പോൾ പിന്നെ മക്കൾ എന്ത് ചെയ്യും.. അച്ഛനേം,അമ്മനേം ഏതെങ്കിലും വൃദ്ധ സദനത്തിൽ ആക്കിയിട്ടു ആ വീട് വാടകയ്ക്ക് കൊടുക്കും.ആ കിട്ടുന്ന വാടക മതിയാകും ചിലപ്പോൾ വൃദ്ധസദനത്തിലെ ചിലവിനു .ഇനി അതും പോരെങ്കിൽ മക്കൾ അയച്ചുകൊടുക്കേം ചെയ്യും ...അതിനൊന്നും അവർക്ക് ഒരു മടിയുമില്ല.
പിന്നെ മക്കളെ പറഞ്ഞിട്ടും കാര്യമില്ല.തൊട്ടടുത്ത്‌ സ്കൂൾ ഉണ്ടായിട്ടും അത് പോരാ കുറച്ചും കൂടി നല്ല സ്കൂളിൽ പഠിക്കട്ടെ മക്കൾ എന്നും കരുതി രക്ഷിതാക്കൾ കുട്ടികളെ ദൂരെയുള്ള സ്കൂളിൽ ചേർക്കും.സ്വാഭാവികമായും കുട്ടികൾ സ്കൂളിനോട് ബന്ധപ്പെട്ടുള്ള ഹോസ്റ്റലുകളിൽ ആണ് താമസിക്കുക.മുലകുടി മാറി തുടങ്ങിയ കുട്ടികൾ വളരെ ചെറുപ്പം മുതലേ ഹോസ്റൽ മെസ്സിലെ ഭക്ഷണവും കഴിച്ചു ഒറ്റയ്ക്ക് കഴിയാൻ നിർബന്ധിതരാവും..
ആ കുട്ടികൾ വളർന്നു ഒരു ജോലിയൊക്കെ കിട്ടിയാൽ അവർ അവരുടെ രക്ഷിതാക്കളെ ഏതെങ്കിലും വൃദ്ധസദനങ്ങളിൽ കൊണ്ട് പോയി ആക്കും.അങ്ങിനെ നോക്കുമ്പോൾ നമുക്കവരെ കുറ്റം പറയാൻ പറ്റുമോ ഉമ്മാ??മനപൂർവമല്ലാത്ത ഒരു പകരത്തിനു പകരം..
മക്കൾ ഇല്ലാത്ത അല്ലെങ്കിൽ മക്കളുണ്ടായിട്ടും പെരുവഴിയിൽ കിടന്നുറങ്ങേണ്ടി വന്ന ഒരുപാട് അമ്മമാർ ഉണ്ട് ഉമ്മാ നമ്മുടെ നാട്ടിൽ.അവരുടെ കാര്യമാണ് കഷ്ട്ടം. അവരെ നോക്കാൻ ആരുമില്ല.നമ്മുടെ സർക്കാരിന് കള്ളന്മാരെയും, കൊലപാതകികളെയും ജയിൽ ഉണ്ടാക്കി മഴയും വെയിലും കൊള്ളാതെ സംരക്ഷിക്കാനുള്ള വകുപ്പേ ഉള്ളൂ.. പാവപ്പെട്ട,നമ്മുടെ രാജ്യത്ത് ജനിച്ചു എന്ന ഒരൊറ്റ തെറ്റുമാത്രം ചെയ്ത അനേകായിരങ്ങൾ കടത്തിണ്ണയിലും റോഡരികിലും കിടന്നുറങ്ങുമ്പോളാണ് ഈ കള്ളന്മാരെല്ലാം മഴയും വെയിലും കൊള്ളാതെ സമയത്തിന് ഭക്ഷണം കഴിച്ചു കിടന്നുറങ്ങുന്നത്..
ഞങ്ങൾ പ്രവാസികളിൽ പലരും ചെയ്യുന്ന ഒരുപരിപാടിയുണ്ട് ഉമ്മാ.നമ്മുടെ നാട്ടിലൊക്കെ ഇപ്പോൾ എല്ലാവർക്കും ഫോണ്‍ ഉണ്ട്.ഞങ്ങളൊക്കെ എന്നും ഞങ്ങളുടെ ഭാര്യമാരെ വിളിച്ചു ഒരുപാട് നേരം സംസാരിക്കും.ഉമ്മാരോട് മിക്കവാറും ആഴ്ചയിൽ ഒരു ദിവസമേ സംസാരിക്കൂ. ഭാര്യയോട് ഒരു മണിക്കൂർ സംസാരിക്കുമ്പോൾ ഉമ്മാനോട് ഒരു അഞ്ചു മിനുട്ട് സംസാരിച്ചാൽ ഞങ്ങൾക്കൊന്നും സംഭവിക്കില്ല. എന്നാലും ഞങ്ങൾ സംസാരിക്കില്ല.ഓ .ഉമ്മാക്ക് സംസാരിക്കാൻ അവിടെ ഉപ്പയുണ്ടല്ലോ.ഓൾക്ക് ഞാൻ മാത്രമല്ലേ ഉള്ളൂ എന്ന ഒരു ചിന്തയാണ് പലർക്കും..
അതൊന്നും നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ഉമ്മാ.ഞാൻ മറ്റു വിശേഷങ്ങൾ പറയാം.. ഇപ്പോളിവിടെ ഒരുപാട് പേർ ഉമ്മാനെ അറിയും.ഉമ്മാക്ക് എന്നെ എന്തുമാത്രം ഇഷ്ട്ടമായിരുന്നു എന്നും അവർക്കറിയാം.ഞാൻ ഇടക്കൊക്കെ ഉമ്മാനെ കുറിച്ചു എന്തെങ്കിലുമൊക്കെ എഴുതി അവരെ വിഷമിപ്പിക്കും. ഇനി കുറച്ചു കാലത്തേയ്ക്ക് ഒന്നും എഴുതിന്നില്ലാന്നു കരുതിയതാ.അപ്പോഴാണ്‌ ഈ മാതൃദിനം വന്നണഞ്ഞതു .
തന്നെയുമല്ല ഞാൻ ഉമ്മനെ കുറിച്ച് പറയുമ്പോളെല്ലാം എന്റെ കൂട്ടുകാർ ഉമ്മാക്ക് വേണ്ടി പ്രാർത്വിക്കാറുണ്ട്.നമ്മുടെ പള്ളിയിലെ ഉസ്താദിനു നൂറു രൂപ കൊടുത്തിട്ട് അദ്ദേഹം ഉമ്മാക്ക് വേണ്ടി പ്രാർത്വിക്കുന്നതിലും കൂടുതൽ ആത്മാർഥത എന്റെ കൂട്ടുകാരുടെ പ്രാർഥനക്ക് ഉണ്ടെന്നാണ് എന്റെ വിശ്വാസം.,.
എല്ലാ അമ്മമാർക്കും മാതൃദിനം ആശംസിക്കുന്നതോടൊപ്പം എല്ലാ മക്കൾക്കും അവരുടെ അമ്മമാരെ ഓർക്കാനുള്ള ഒരു ദിവസം കൂടിയായിരിക്കട്ടെ ഈ മാതൃദിനമെന്നു ആഗ്രഹിക്കുന്നു..

Muhammed Jibin C N