Saturday, July 2, 2011

ഉമ്മ വിളിക്കുന്നു

ഉറക്കത്തില്‍
ഉമ്മയുടെ വിളികേട്ടു.
ഞെട്ടിയുണര്‍ന്നപ്പോള്‍
പെരുമഴ.

അപരിചിതമോരിരുട്ട്.
അതില്‍ തുഴഞ്ഞുപായും
മിന്നല്‍.
ഭൂമി അടിമറിക്കുന്നത്ര
കുപിതനായ് കാറ്റ്.


ഏതാണാ സ്വരം,സ്വപ്നമോ?

അല്ലല്ല,
കിനാ വെട്ടം വീഴാത്ത
ഉറക്കമായിരുന്നത്.
കണ്ണടഞ്ഞൊഴുകുന്ന
മഹാനദി.

പിന്നാര്, മഴയോ?

ആവില്ലതിന്ന്,
അത്രമേല്‍ തരളമാവാന്‍.
പ്രാപ്പിടിയനെ കണ്ട കോഴി
കുഞ്ഞുങ്ങളെ ഒതുക്കുന്നത്ര
സ്നേഹമാവാന്‍.
ആവില്ലൊരു മഴക്കും
ഉമ്മയാവാന്‍.

തീര്‍ച്ച,
അതുമ്മ തന്നെ.

മഴയാവുമവിടെയും.
ആറടി നിലത്തെ
മരപ്പലക നീക്കി
മഴ പാഞ്ഞെത്തുമ്പോള്‍
എങ്ങിനെ ഉറങ്ങാനാണ്.

ഓര്‍മ്മ വന്നു കാണണം
ചെറിയൊരിടിക്കും
ഉണര്‍ന്ന്
കരയുന്നോരെന്നെ.
കെ.പി റഷീദ്

1 comment: