Saturday, July 2, 2011

ഉമ്മ സ്വര്‍ഗത്തിലായിരിക്കും


തുറന്നു കിടക്കുന്ന ഒറ്റപ്പൊളി വാതിലിന്റെ ഉമ്മറപ്പടിയില്‍ ‍അസ്വസ്ഥയായി നില്ക്കുകയാണ് ഞാന്‍  ചെല്ലുമ്പോള്‍‍  ഉമ്മ. വെള്ളക്കുപ്പായം. മാറില്‍  ചുവന്ന നൂല് കൊണ്ട് ഈരിഴയില്‍  തുന്നിപ്പിടിപ്പിച്ച ഇരട്ടവരിപ്പാവ്. വെള്ളിയരഞ്ഞാണത്തിന്റെ ശക്തമായ പിടിയില്‍   നിന്ന് കോന്തലയടര്‍ത്തി കുതറി മാറാന്‍   ശ്രമിക്കുന്ന കറുത്ത തുണി.
ഇപ്പോള്‍‍ അടര്‍ന്നു വീഴുമെന്ന മട്ടില്‍  അലസമായി കിടക്കുന്ന വെള്ളത്തട്ടം . തലയില്‍‍ ചുരുട്ടിക്കൂട്ടിയ ഒരു പഴയ പായ. പായയില്‍ നിന്ന് പുറത്തേക്കു ചാടാന്‍ വെമ്പി  മുഷിഞ്ഞ തലയണ.

ഒതുക്കുകല്ലുകള്‍ ‍ ഇറങ്ങാനുള്ള ശ്രമത്തിലാണ്. അതിനു അനുവദിക്കാതെ അനുനയത്തില്‍ പെങ്ങള്‍  മാളു കൈകളില്‍ മുറുകെ പിടിച്ചിട്ടുണ്ട്.
"'മ്മ ഇങ്ങട്ട് പോരിന്‍ .. അങ്ങട്ട് ഇറങ്ങാന്‍ പറ്റൂല. വണ്ടി വരും.."
''ജ്ജ്  ഞ്ചെ കജ്ജു മ്മന്നു വിടണ് ണ്ടോ പാത്തുമ്മാ . ഞാന്‍ പോവാണ് ഞ്ചെ കുടീക്ക്.."
"മ്മാ ഇത് തന്നല്ലേ ഞമ്മളെ കുടി.."?
"ഇവ്ടുന്നു ഞമ്മള് എങ്ങട്ടു  പോകാനാ.. മാളുവിന്റെ ആ വാക്കുകള്‍ അവസാനിച്ചത്‌ എന്നിലാണ്.
"ആരാ ഈ വന്ന് ക്ക്‌ണത് ന്ന് നോക്കാണിമ്മാ.."
'ആരാ..' അപ്പോഴേക്കും ഞാന്‍‍ ആ കൈ കവര്‍ന്നിരുന്നു.
"ഉമ്മാ.."
'എന്തേ..' വിളികേട്ടു.
'ങ്ങ് ട്ട്‌ പോരിന്.., ഞാന്‍ ങ്ങക്ക് മുട്ടായി കൊണ്ടന്ന് ട്ട്‌ ണ്ട്..'
ഒരു കൊച്ചു കുട്ടിയെ പോലെ മിഠായി എന്ന് കേട്ടപ്പോള്‍‍, ആ മുഖം പ്രസന്നമായി.
കുഴിയിലേക്ക് താഴ്ന്നു പോയ തളര്‍ന്ന കണ്ണുകള്‍ ഒന്ന് തിളങ്ങി. ഉമ്മ എന്റെയൊപ്പം
അനുസരണയോടെ അകത്തേക്ക് നടന്നു പോന്നു.ഞാന്‍ പൊതി കയ്യില്‍ വെച്ച് കൊടുത്തു. 'ആര്‍ക്കും കൊടുക്കണ്ട. ങ്ങള് ഒറ്റയ്ക്ക് തിന്നളോണ്ടൂ..'
അത് മിഠായി ആയിരുന്നില്ല. ജിലേബിയായിരുന്നു. ചെമന്ന പൂ പോലെയുള്ള മധുരമിറ്റി
വീഴുന്ന ജിലേബി. ഉമ്മാക്ക് ഏറെ ഇഷ്ടമുള്ള പലഹാരം. ഒരു കൊച്ചു കുട്ടിയുടെ ആവേശത്തോടെ ഉമ്മ പൊതിയടര്‍ത്തി തിന്നു തുടങ്ങി.
ഒന്ന്, രണ്ട്, മൂന്ന്.. പിന്നെയും പിന്നെയും തിന്നുകയാണ്. ഒടുവില്‍ ഞാന്‍ പറഞ്ഞു:
"ഞ്ഞി പാത്തു വെച്ചളീം. കൊറച്ചു കഴിഞ്ഞിട്ട് തിന്നാം.."
ഉമ്മ അനുസരിച്ചു.
'മ്മാ ങ്ങള് ചോറ് വെയ്ച്ചോ..'?
'ഇല്ല മനേ ഈ പാത്തുമ്മ ച്ച്‌ ന്ന് ചോറെന്നെ തന്നിട്ടില്ല.'
'അപ്പമ്മാ ഞാനിപ്പളല്ലേ ങ്ങക്ക് ചോറ് വാരി തന്നത്? ഇത്തര വേഗം ങ്ങള് മറന്നോ..?
'നൊണ പറയാതെ പൊയ്ക്കോ ജ്ജ് ഞ്ചെ  മുമ്പിന്ന്..'
'ആരാ ഈ വന്ന് ക്കുണ് ന്ന് ങ്ങക്കറിയോ..?"
'പിന്നെ അറിയാണ്ടെ..'
'ന്നാ ഒന്ന് പറഞ്ഞാണീ..'
'അത് ഞമ്മളെ മയമ്മദല്ലേ..'?
'ഏത് മയമ്മദ്?'
'പൊയ്ക്കോ ജ്ജ് ഞ്ചെ മുമ്പിന്ന് ചെലക്കാതെ..'
എന്റെ കണ്ണ് നിറഞ്ഞു. പത്തു മക്കളില്‍ ഏറ്റവും അവസാനത്തെ കുട്ടിയായ എന്നെ എന്റെ ഉമ്മ തിരിച്ചറിയുന്നില്ല. ഭക്ഷണം കഴിച്ചതോര്‍മ്മയില്ല. സ്വന്തം പേര് പോലും ആ ഓര്‍മ്മയിലെവിടെയും മുനിഞ്ഞു കത്തുന്നില്ല.
ഒടുക്കത്തെ കുട്ടിയായത് കൊണ്ട് പത്തു മക്കളില്‍ ഏറ്റവും കൂടുതല്‍ അമ്മിഞ്ഞ കിട്ടിയതും ഉമ്മയുടെ മാറില്‍‍ ആ ചൂട് പറ്റി കൂടുതല്‍ കിടക്കാന്‍ അവസരം കിട്ടിയതും എനിക്ക് മാത്രമാണ്. സ്കൂള്‍ വിട്ടു വന്ന് ഉമ്മാന്റെ ഒക്കത്ത് കേറി
മുല കുടിക്കുന്ന കുട്ടി എല്ലാവര്‍ക്കും കൌതുകമായിരുന്നു. പെങ്ങന്മാരോക്കെ കളിയാക്കും. "'ഒന്നിനാത്തരം പോന്ന ചെറുക്കന്‍ ഇപ്പളും മൊല കുടിക്കാത്തരെ..നാണോം മാനോം ഉസരും പുളീം ണ്ടോ അനക്ക്. പോരായില്ലല്ലോടാ പൊട്ടാ.."
'ഐന് ങ്ങക്കെന്താ ചേതം ? ഞ്ചെ മ്മാന്റെത്   അല്ലെ? ഇല്ലെ മ്മാ..'
അതുകേള്‍ക്കുമ്പോള്‍ ഉമ്മ ചിരിക്കും. കാണാന്‍  നല്ല ചേലുള്ള ചിരി.
നാലാംക്ലാസു വരെ സ്കൂള്‍വിട്ടു വന്ന് മുലകുടിച്ചിരുന്നുവത്രേ ഞാന്..! ഇന്നും എന്റെ വീട്ടില്‍ എന്നെ കളിയാക്കാനുള്ള ഒരു വടി അതാണ്. മറ്റാര്‍ക്കും മതിയാവോളം മുലപ്പാല്‍ കിട്ടിയിട്ടില്ല. ഉമ്മാന്റെ ഒപ്പം കിടക്കാനും കഴിഞ്ഞിട്ടില്ല. വര്‍ഷാവര്‍ഷം ഉമ്മ പെറ്റു  കൊണ്ടേയിരുന്നു. ഒന്നും രണ്ടും മൂന്നുമൊന്നുമല്ല . പന്ത്രണ്ടു വട്ടം..!  രണ്ടെണ്ണം പിറവിയിലെ പോയി. ദുരിതം കാണാനും കേള്‍ക്കാനും നില്‍ക്കാതെ. മുല കുടിച്ച് കൊതി തീരും മുമ്പേ, ഉമ്മ
അടുത്ത കുട്ടിയെ പെറ്റിട്ടുണ്ടാവും . പുതിയ കുട്ടി വരുന്നതോടെ, പഴയ കുട്ടിയുടെ അവകാശം തീര്‍ന്നു. പിന്നെ അടുത്തയാളുടെ ഊഴമാണ്.  എനിക്ക് ശേഷം  മറ്റൊരവകാശി വരാത്തത് കൊണ്ട് അമ്മിഞ്ഞയിലുള്ള എന്റെ അവകാശം ഒരു പാട് കാലം നീട്ടിക്കിട്ടി. ഭാഗ്യം! പകുതി വിശപ്പ്‌ മുല കുടിച്ചു തീര്‍ക്കാം. മുലകുടി പ്രായം കഴിഞ്ഞിട്ടും അമ്മിഞ്ഞയോടുള്ള എന്റെ അവകാശം ഞാന്‍ കാത്തു സൂക്ഷിച്ചു പോന്നു. മുലകുടി നിര്‍ത്തിയിട്ടും ഉമ്മയുടെ അമ്മിഞ്ഞയില്‍ കൈവെച്ചു കിടന്നാലേ എനിക്കുറക്കം വരുമായിരുന്നുള്ളൂ. കുറേക്കാലം. വല്ലാത്ത ഒരു അവകാശ ബോധം!
കൂടുതല്‍ മുലപ്പാല്‍ ‍ കുടിച്ച കുട്ടി വലിയ ബുദ്ധിമാനും ശക്തനുമൊക്കെയായിരിക്കുമെന്ന് എവിടെയെങ്കിലും വായിക്കുമ്പോള്, വിശ്വാസം വരാതെ ഞാന്‍ എന്നെ തന്നെ ഒന്ന് നിരീക്ഷിക്കും. ഒരു പക്ഷെ എനിക്ക് മുലപ്പാലിലൂടെ എന്റെ ഉമ്മ പകര്‍ന്നു തന്നത് സ്നേഹം മാത്രമായിരിക്കും. മറ്റൊന്നും തരാന്‍ ഉമ്മാക്ക് കഴിഞ്ഞിട്ടുണ്ടാവില്ല. പോഷകങ്ങളടങ്ങിയ ഭക്ഷണം പോയിട്ട് വയറു നിറച്ചു ചോറ് പോലും കഴിക്കാനാവാതെ , ഒന്ന് സമാധാനത്തോടെ പ്രസവിച്ചു കിടക്കാന്‍ വരെ സാധിക്കാതിരുന്ന എന്റെ ഉമ്മയുടെ അമ്മിഞ്ഞയിലെവിടുന്നാണ് പോഷക സമൃദ്ധി ലയിച്ചു ചേരുന്നത്?


വലിയ വീട്ടിലെ കുട്ടിയായിരുന്നു ഉമ്മ. മൂന്നു പെണ്‍കുട്ടികള്‍ക്ക് ഒരേയൊരു ആങ്ങള. ഉപ്പ മമ്മു ഹാജി നാട്ടിലെ പ്രമാണിയും കാരണവരും. വയലും തോട്ടവും തൊടിയും കൊയ്ത്തും മെതിയും പണിക്കാരുമൊക്കെയുള്ള വീട്. ഒന്നിനും ഒരു കുറവുമില്ല. മമ്മു ഹാജിയുടെ പെണ്‍കുട്ടികളില്‍  ഏറ്റവും സുന്ദരിയായിരുന്നു ഉമ്മ. കറുത്തിരുണ്ട് ഇടതൂര്‍ന്ന് തഴച്ചു വളര്‍ന്ന  നീളമുള്ള മുടി. ചുവന്നു തുടുത്ത വട്ട മുഖം. ചേലുള്ള ചുണ്ടും ചിരിയും. മുടി അഴിച്ചിട്ടാല്‍ നിതംബം വരെയുണ്ടായിരുന്നുവത്രേ. തലമുടി നിറയെ ചക്കിലാട്ടിയ വെളിച്ചെണ്ണ തേച്ചു പിടിപ്പിച്ച്, മുടി ചീകിക്കൊടുക്കാന്‍ വരെ പണിക്കാരത്തികള്. അടുക്കളയില്‍ സഹായിക്കാന്‍  വാല്യേക്കാരത്തികള്‍ ..
പാടത്തും പറമ്പിലും വയല്‍ വരമ്പിലുമായി ഒരു തുമ്പിയെ പോലെ ഉമ്മ പാറിപ്പറന്നു നടന്നു.
സമൃദ്ധിയുടെ ബാല്യം കഴിഞ്ഞ് കൌമാരത്തിലെത്തും മുന്‍പേ, അന്വേഷണങ്ങള്‍ വന്നു തുടങ്ങി. പണക്കാരും ജോലിക്കാരും അത്യാവശ്യം വഴിയും വകയും ഉള്ളവരുമൊക്കെ  വന്നു കുട്ടിയെ  കണ്ടു; ഇഷ്ടപ്പെട്ടു. പക്ഷെ മമ്മു ഹാജി നോക്കിയത് അ തൊന്നുമായിരുന്നില്ല. നോമ്പും നിസ്ക്കാരവുമായിരുന്നു. 'പടച്ചോനെ  പേടിയുള്ള'
ഒരാള്. മമ്മു ഹാജിയുടെ ഒരേ ഒരു ഡിമാന്റ് അത് മാത്രമായിരുന്നു ! കഞ്ഞിക്കു വകയില്ലെങ്കിലും വേണ്ടില്ല. ഒരു വഖ്ത് നിസ്ക്കാരം പോലും കളയാത്ത ആളായിരിക്കണം ചെറുക്കന്..
ഒടുവില്, അങ്ങിനെ ഒരാളെ തന്നെ കണ്ടെത്തി. മമ്മു ഹാജിയുടെ സ്വര്‍ഗത്തില്‍
നിന്ന് മുഹമ്മദ്‌ മൊല്ലയുടെ നരകത്തിലേക്കാണ്‌ ഉമ്മ വലതു കാല്‍ വെച്ച് കയറിയത്.
ഒരു ചായക്കടക്കാരനായിരുന്നു ഉപ്പ.
തുണിയിലും കുപ്പായത്തിലും മൂത്രമൊഴിക്കുമെന്നു കരുതി മക്കളെ പോലും എടുക്കാത്ത, ഉമ്മ വെക്കാത്ത, അഞ്ചു വഖ്തും പള്ളിയില്‍ നിന്ന് തന്നെ നിസ്ക്കരിക്കണമെന്ന നിര്‍ബന്ധബുദ്ധിയുണ്ടായിരുന്ന തനി സാത്വികന്.
വര്‍ഷാവര്‍ഷമുള്ള പേറും മക്കളെ പോറ്റാനുള്ള ആധിയും തീരാത്ത ദാരിദ്ര്യവും ഉമ്മയെ വല്ലാതെ തളര്‍ത്തി. കുത്തരി ചോറ് തിന്നു മടുത്തിരുന്ന അവര്‍ക്ക് റേഷന്‍ ഷോപ്പില്‍ നിന്ന് കിട്ടുന്ന 'കൊലകൊമ്പന്‍ ' അരിയുടെ ചോറ് പോലും കിട്ടാക്കനിയായി. മക്കള്‍ക്ക്‌ വറ്റൂറ്റിക്കൊടുത്ത് വെറും കഞ്ഞി വെള്ളം മാത്രം കുടിച്ച് ഉമ്മ കിടന്നു. മക്കളുടെ വിശന്ന വയറോര്‍ത്തു തന്റെ  വിശപ്പ്‌ മറന്നു. സ്വന്തം വീട്ടിലേക്ക് ഇടയ്ക്കിടെ ഓടിപ്പോയി വല്ലതുമൊക്കെ കൊണ്ട് വന്നു അവര്‍ മക്കളുടെ വിശപ്പടക്കി.
ഒടുവില്‍ മറ്റൊരു ഗതിയുമില്ലാതെ മമ്മു ഹാജി എന്ന ജന്മിയുടെ പുന്നാര മോള്‍ ആരാന്റെ പണിക്കു പോയി തുടങ്ങി. ഞാറു നടാനും കൊയ്യാനും മെതിക്കാനുമൊക്കെ.കൂലിയായി കിട്ടിയിരുന്നത് നെല്ലായിരുന്നു. നെല്ല് കുത്തി വെളുപ്പിച്ചു മക്കളെ പോറ്റി. കുട്ടികള്‍ വര്‍ധിക്കും തോറും പട്ടിണിയും വര്‍ധിച്ചു. ആണ്ടു തോറും നടന്നു വരാറുള്ള 'പ്രസവ മഹാമഹം' ഒരു മുടക്കവുമില്ലാതെ തുടര്‍ന്നു.
മക്കള്‍ കട്ടയില്‍ കിടന്നു കതിര് വരാന്‍ തുടങ്ങി. 'ഞ്ചെ മക്കളാണ് ഞ്ചെ മൊതല് ' എന്ന് ഇടയ്ക്കിടെ പറഞ്ഞു അവര്‍ സമാധാനിക്കും. നെടു വീര്‍പ്പിടും.
ആണ്‍ മക്കളില്‍ മൂന്നാമത്തെയാളാണ് ആദ്യം കടല്‍ കടന്നത്. ഉമ്മര്. അതിന്റെ ഗുണം കണ്ടു തുടങ്ങി. ഉമ്മ പണിക്കു പോക്ക് നിര്‍ത്തി. ക്ഷാമം മെല്ലെ മെല്ലെ പടികടന്നു പോയി. ക്ഷേമം മടിച്ചു മടിച്ചാണെങ്കിലും വീട്ടിലേക്ക് കേറി വന്നു.
അതിനിടെ ഉപ്പയെ ഉമ്മര്‍ ഹജ്ജിനു കൊണ്ട് പോയി. ഉമ്മാക്കുമുണ്ടായിരുന്നു പൂതി. ഒപ്പം പോവാന്. പക്ഷെ രണ്ടാളെയും ഒന്നിച്ചു കൊണ്ട് പോകാന്‍ ഉമ്മറിന് കഴിയുമായിരുന്നില്ല. ഉപ്പ ഹാജിയായിട്ടും കുറെ കഴിഞ്ഞാണ് ഉമ്മാക്ക് ആ ഭാഗ്യം കിട്ടിയത്. സത്യത്തില്‍ അതൊരു ഭാഗ്യമായിരുന്നില്ല. പാപമുക്തയായി ഒരു ഉമ്മ പ്രസവിച്ച കുഞ്ഞിനെപോലെ തിരിച്ചു വരാന്‍ പോയ ഉമ്മ എല്ലാ അര്‍ത്ഥത്തിലും ഒരു കൊച്ചു കുട്ടിയെ പോലെയാണ് തിരിച്ചു വന്നത്..!
യാത്രാരേഖകളും മറ്റും ശരിയാക്കാന്‍ ഒരു ബന്ധുവിനെയാണ് ഉമ്മര്‍ക്കാക്കു ഏര്‍പ്പാട് ചെയ്തത്. അന്ന് അയാള്‍ ഒരു ട്രാവല്‍സ് എജെന്റ് ആയിരുന്നു. അയാളെ ഏല്‍പ്പിച്ചാല്‍ കാര്യമൊക്കെ എളുപ്പമാവും എന്ന് കരുതിക്കാണും. ബോംബെ യില്‍ നിന്നാണ് ഫ്ലൈറ്റ് . ബോംബെ വരെ അബ്ദുക്കാക്കു കൂടെ പോവുക. ബോംബയില്‍ നിന്ന് കയറ്റി വിട്ടു ജിദ്ദയില്‍ ചെന്നിറങ്ങുക. അവിടെ എയര്‍ പോര്‍ട്ടില്‍ ഉമ്മയെ സ്വീകരിക്കാന്‍ ഉമ്മര്‍ കാക്കു ഉണ്ടാവും. അങ്ങനെയായിരുന്നു പ്ലാന്. പക്ഷെ ബോംബയില്‍ ചെന്നപ്പോഴാണ് കാര്യം അറിയുന്നത്. കുവൈത്ത് എയര്‍ ലൈന്സിനാണ് ടിക്കറ്റ് ഓക്കേ യാക്കിയിരിക്കുന്നത് . ബന്ധുക്കാരന്‍ അക്കാര്യം മറച്ചു വെച്ചിരിക്കുകയാരുന്നു. കുവൈത്തില്‍ നിന്ന് വിമാനം മാറിക്കയറണം. അഞ്ചു മണിക്കൂര്‍ കുവൈത്തില്‍ വൈറ്റിങ്ങും ഉണ്ട്..!
ഉമ്മയെ ഏല്‍പ്പിക്കാന്‍ പറ്റിയ ഒരാളെ അന്നേരം പെട്ടെന്ന് കണ്ടെത്താന്‍ അബ്ദുക്കാക്കുവിന് കഴിഞ്ഞില്ല. ഒടുവില്‍ , ഉമ്മയുടെ ബാഗിന്മേല്‍ ഉമ്മര്‍ കാക്കുവിന്റെ പേരും  നമ്പരും അഡ്രസ്സും വലിയ അക്ഷരത്തില്‍ എഴുതി ഉമ്മയെ
യാത്രയാക്കാനെ അബ്ദുക്കാക്കുവിന് കഴിഞ്ഞുള്ളു.
ഏറിപ്പോയാല്‍ മേലാറ്റൂര്‍ വരെയേ ഉമ്മ അന്ന് യാത്ര ചെയ്തിട്ടുണ്ടാവൂ. പെണ്മക്കളെ കെട്ടിച്ചയച്ച പാതിരിക്കോട്, പൊട്ടിയടുത്താല്, കൊളപ്പറമ്പ്, ഇവിടെയൊക്കെ പോയിട്ടുണ്ട് എന്നല്ലാതെ മറ്റെങ്ങും ഉമ്മ അധികം പോയിട്ടില്ല. ആ ഉമ്മയാണ് സഹായിക്കാന്‍ ആരുമില്ലാതെ, കാതങ്ങളേറെ, ഒറ്റയ്ക്ക്, ഒരാണ്‍ തുണയില്ലാതെ, യാത്ര ചെയ്യുന്നത്. അതും ജീവിതത്തിലോരിക്കലും കയറിട്ടില്ലാത്ത വിമാനത്തില്.
ഞങള്‍ നാട്ടിലിരുന്നും ഉമ്മര്‍ കാക്കു ജിദ്ദയിലിരുന്നും  ഉരുകി.
പത്തുപതിനെട്ടു മണിക്കൂര്‍ കഴിഞ്ഞു ഉമ്മയെ ഉമ്മര്‍ കാക്കുവിനു കിട്ടുമ്പോള്, ഉമ്മയുടെ മാനസിക നിലയാകെ തെറ്റിയിരുന്നു..!
കുവൈത്ത് എയര്‍ പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്തപ്പോള്, ഉമ്മ കരുതിയത്‌  ജിദ്ദയില്‍ എത്തി എന്നാണ്. വിചാരിച്ച പോലെ മകന്‍ ഉമ്മറിനെ എവിടെയും കാണുന്നില്ല. ഉമ്മ ആകെ പരിഭ്രമിച്ചു. ഉമ്മറിനെ ഉറക്കെ വിളിച്ചു കരഞ്ഞു. നാല് പാടും തിരഞ്ഞു. ആ ഞെട്ടല്,  വെപ്രാളത്തിലേക്കും വല്ലാത്ത ഒരു വിഭ്രമാവസ്ഥ യിലേക്കും ഉമ്മയെ കൂട്ടിക്കൊണ്ടു പോയി.

ഒടുവില്‍ ഭാഗ്യത്തിന് , ഒരു മലയാളി, ഉമ്മയുടെ ദയനീയാവസ്ഥയും ബാഗിലെഴുതിയ നമ്പരും പേരും കണ്ട്‌ അടുത്തു ചെന്ന് ഉമ്മയുടെ കൈക്ക് പിടിച്ചു! അദ്ദേഹം സ്വന്തം ഉമ്മയെ ആ നേരം ഓര്‍ത്തു കാണും. ഇത് കൂടിയായപ്പോള്, ഉമ്മ കൂടുതല്‍ പേടിച്ചു. ഒരു അപരിചിതനായ മനുഷ്യന്‍ വന്നു കയ്യില്‍ പിടിക്കുന്നു. ഉമ്മ വിചാരിച്ചു കാണും! ഉമ്മയുടെ മട്ടും മാതിരിയും കണ്ട്‌ അദ്ദേഹത്തിന് പെട്ടെന്നൊരു ആശയം തോന്നി. അദ്ദേഹം ഉമ്മാന്റെ മകന്‍ ഉമ്മറായി  അഭിനയിച്ചു.
'മ്മാ ഞാന്‍ ങ്ങളെ മകന്‍ ഇമ്മറു തന്നെ ആണ്. ങ്ങക്ക് ഞ്ഞെ മനസ്സിലായിലെ..'?,
എന്നൊക്കെ പറഞ്ഞു ഉമ്മയെ ഒരു വിധം അയാള്‍ ഒപ്പം കൂട്ടുകയായിരുന്നു.
ഹജ്ജു കഴിഞ്ഞു തിരിച്ചു വന്നത് അങ്ങോട്ട്‌ പോയ ഞങ്ങളുടെ ഉമ്മയല്ല!
പിന്നെപ്പിന്നെ ഉമ്മയുടെ ഓര്‍മ്മ പതറാനും ചിതറാനും തുടങ്ങി. ചിലരെ തിരിച്ചറിയുന്നില്ല. പേരുകള്‍ പരസ്പരം മാറുന്നു. എന്നെ അബുവെന്നും അബുവിനെ ഉമ്മറെന്നും സൈനയെ ആയിശയെന്നും വിളിക്കുന്നു. ഉമ്മാക്ക് എത്ര മക്കളുണ്ടെന്ന് ചോദിച്ചാല്‍ പലപ്പോഴും പല സംഖ്യ പറയുന്നു. ഓര്‍മ്മയുടെ അടരുകളില്‍ അപശ്രുതിയും താളക്കേടും കണ്ട്‌ തുടങ്ങി.
ചികിത്സ ഒരു പാട് ചെയ്തു. ആയുര്‍വ്വേദം, അലോപ്പതി, ഹോമിയോപ്പതി.. പോരാത്തതിന് പേടിക്കുള്ള മറ്റു ചികിത്സാ മുറകളും. പക്ഷെ ഞങ്ങളുടെ പഴയ ഉമ്മയെ മെല്ലെ മെല്ലെ ഞങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. ദീര്‍ഘമായ ആറേഴു കൊല്ലം ഞങ്ങളെയൊന്നും തിരിച്ചറിയാതെ , പായും തലയിണയും ചുരുട്ടിക്കൂട്ടി തലയില്‍ വെച്ച് 'ഞമ്മളെ കുടീക്ക്‌ പോകുക' തന്നെയായിരുന്നു ഉമ്മ.
ഒരു ശനിയാഴ്ച ദിവസം. ഉമ്മാക്ക് അസുഖം അല്പം കൂടി. കരുവാരകുണ്ടിലെ കെ.ജെ.ഹോസ്പിറ്റലിലെ ഉമ്മര്‍ ഡോക്ടറുടെ അടുത്തേക്ക് ഞങ്ങള്‍ - പെങ്ങള്‍ മാളുവും ഞാനും- ഉമ്മയെ കൊണ്ട് പോയി. 'ഒരാഴ്ച നമുക്ക് ഉമ്മയെ ഇവിടെ കിടത്താം ' എന്നായി ഡോക്ടര്. (ഉമ്മര്‍ ഡോക്ടര്‍ ഇപ്പോള്‍ ജിദ്ദയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ്)
ഭക്ഷണം ഇറങ്ങുന്നില്ല. ട്യൂബ് വഴി മൂക്കിലൂടെയാണ് കഞ്ഞി കൊടുക്കുന്നത്. കണ്ട്‌ നില്ക്കാന്‍ കഴിയുന്നില്ല. ഒന്ന് രണ്ട് ദിവസം അങ്ങിനെ കഴിഞ്ഞു. ഒടുവില്, സഹിക്കവയ്യാതെ, ഞാന്‍ ഡോക്ടറുടെ റൂമിലേക്ക്‌ കേറി ചെന്നു. ഒരു ചോദ്യമേ എനിക്ക് അദ്ദേഹത്തോട് ചോദിക്കാനുണ്ടായിരുന്നുള്ളൂ.
 'ആ ട്യൂബ് എന്ന് എടുത്തു മാറ്റാന്‍  കഴിയും..' ?
അദ്ദേഹം കൂടുതലൊന്നും  ആലോചിക്കാതെ കൃത്യമായി എന്നോട് പറഞ്ഞു:
'അടുത്ത വ്യാഴാഴ്ച എന്തായാലും മാറ്റാം..'
ആ പറഞ്ഞത് കൃത്യമായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടടുത്ത സമയം ട്യൂബ് എടുത്തു മാറ്റി..!
രോഗങ്ങളും, പട്ടിണിയും പ്രസവവും പ്രാരാബ്ധവുമൊന്നുമില്ലാത്ത ഒരു ലോകത്തേക്ക് ഉമ്മ ഞങ്ങളെയൊക്കെ ഇട്ടേച്ചു പറന്നു പോയി.
ഒരു കാര്യം തീര്‍ച്ചയാണ്. പരലോകത്ത് എന്റെ ഉമ്മാക്ക് സ്വര്‍ഗം തന്നെ കിട്ടും. !
കാരണം എന്റെ ഉമ്മ ജീവിത കാലം മുഴുവനും നരകത്തിലായിരുന്നുവല്ലോ..
ഉസ്മാന്‍ ഇരിങ്ങാട്ടിരി

No comments:

Post a Comment