Saturday, July 2, 2011

അഗതികള്‍ക്ക് ഉമ്മയായി


ആരോരുമില്ലാതെ കുഷ്ഠരോഗികള്‍ക്ക് താങ്ങും തണലുമാവുകയാണ് കല്ലായിലെ ഫാത്തിമത്ത് ഹജ്ജുമ്മ. 'അന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണത്', ഫാത്തിമത്ത് ഹജ്ജുമ്മ പറഞ്ഞുതുടങ്ങി. തന്റെ ജീവിതത്തെമാറ്റിമറിച്ച സംഭവമുണ്ടായത് അന്നാണ്. ഭര്‍ത്താവിന്റെ സഹോദരി മറിയക്കുട്ടിയെയും കൊണ്ട് ചേവായൂര്‍ കുഷ്ഠരോഗാസ്പത്രിയില്‍ പോയപ്പോള്‍ മനസ്സ് തകര്‍ന്നുപോയി.


കുഷ്ഠരോഗം പിടിപെട്ട് ശുശ്രൂഷിക്കുവാന്‍ആരോരുമില്ലാതെ ആസ്പത്രിക്കിടക്കയില്‍ കുറേപ്പേര്‍. അന്നുമുതല്‍ ഉമ്മയുടെ മനസ്സ് പറഞ്ഞു ഇനി എന്റെ ജീവിതം ഇവര്‍ക്കൊപ്പമാണ്, അവരെ സേവിക്കാനാണ്.

കുഷ്ഠരോഗികള്‍ക്കായി ജീവിതമുഴിഞ്ഞുവെച്ച മദര്‍തെരേസയുടെ പാതയിലാണ് 80 വയസ്സുള്ള ഫാത്തിമത്ത് ഹജ്ജുമ്മയും. ഖുര്‍ആന്‍ വചനങ്ങള്‍ ഉരുവിട്ടു കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ പാതയിലേക്ക് തിരിഞ്ഞ ഫാത്തിമ 'അനാഥ ' എന്ന അഗതി മന്ദിരത്തിലെയും ചേവായൂര്‍ കുഷ്ഠരോഗ ആസ്പത്രിയിലെയും സന്ദര്‍ശകയാണ്. വെറുമൊരു സന്ദര്‍ശനം മാത്രമല്ലത്, തന്നാല്‍ കഴിയുന്ന സേവനങ്ങള്‍ രോഗികള്‍ക്ക് നല്‍കുകയാണ് ഇതിനു പിന്നിലെ ലക്ഷ്യം. തന്റെ ജീവിതം കുഷ്ഠരോഗികളെ സേവിക്കാനുള്ളതാണെന്ന് ഉമ്മ നേരത്തേ തിരിച്ചറിഞ്ഞു.

പണ്ടത്തെ വിശ്വാസ പ്രകാരം കുഷ്ഠരോഗികളില്‍ നിന്ന് നാല്പതടി ദൂരം മാറിനില്‍ക്കണമെന്ന തെറ്റായ ധാരണയെ മറികടന്നാണ് ഫാത്തിമത്ത് ഹജ്ജുമ്മയുടെ ഈ സേവനം. കുഷ്ഠരോഗികളെ സഹായിക്കുവാനും അവര്‍ക്ക് ചികിത്സാസഹായങ്ങളും ഭക്ഷണവും നല്‍കാനും ഉമ്മ എന്നും അവര്‍ക്കൊപ്പമുണ്ട്. സഹായിക്കാന്‍ സന്നദ്ധരായിട്ടുള്ള വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പണമായും അല്ലാതെയും സംഭാവന വാങ്ങി അത് 'അനാഥ' അഗതി മന്ദിരത്തില്‍ ഏല്പിക്കുന്നു.

കുഷ്ഠരോഗാസ്പത്രിയില്‍ ആരും ശുശ്രൂഷിക്കുവാനില്ലാത്തവരെയാണ് 'അനാഥ' അഗതിമന്ദിരം ഏറ്റെടുക്കുന്നത്. ഇവിടെ ഇപ്പോള്‍ 40-ല്‍പരം നിര്‍ധന രോഗികളുണ്ട്. ഇവരുടെ വെളിച്ചമാണിന്ന് ഹജ്ജുമ്മ.

പ്രതിഫലമൊന്നും ആഗ്രഹിക്കാതെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി കുടുംബത്തെപോലും വിട്ടൊഴിഞ്ഞ് ഒറ്റയ്ക്ക് താമസിക്കുകയാണ് ഫാത്തിമത്ത് ഹജ്ജുമ്മ. രോഗികളില്‍ ആരെങ്കിലും മരിച്ചാല്‍ അവരുടെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കാനും ഈ ഉമ്മയ്ക്ക് മടിയില്ല.

കല്ലായി പുഴയോരത്ത് നെല്ലിക്കാവ് പറമ്പില്‍ താമസിക്കുന്ന ഫാത്തിമത്ത് ഹജ്ജുമ്മയുടെ സ്വദേശം കൊണ്ടോട്ടിയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മാതാപിതാക്കള്‍ മരിച്ചു. പതിന്നാലാം വയസ്സില്‍ കുഞ്ഞിമൊയ്തുവുമായി വിവാഹം. അദ്ദേഹവും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു. രണ്ട് ആണ്‍മക്കളുണ്ട്. രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. ഇവര്‍ക്ക് ഇപ്പോള്‍ ഒരു വൃദ്ധയായ സ്ത്രീയാണ് കൂട്ടായുള്ളത്. പ്രായാധിക്യംകൊണ്ട് നിത്യവും രോഗികളെ സന്ദര്‍ശിക്കാന്‍ കഴിയുന്നില്ലെങ്കിലും തന്റെ ഇടയ്ക്കുള്ള സാന്നിധ്യം കൊണ്ട് രോഗികളെ സാന്ത്വനിപ്പിക്കുകയാണ് ഫാത്തിമത്ത് ഹജ്ജുമ്മ.

അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത ഹജ്ജുമ്മയെ മുന്നോട്ടുനയിക്കുന്നത് ഖുര്‍ആന്‍ വചനങ്ങളാണ്. മനുഷ്യരെല്ലാം ഒന്നാണെന്നും ജാതിമതഭേദമെന്യേ സേവനം ചെയ്യണമെന്നും അതിന് ദൈവമാണ് പ്രതിഫലം നല്‍കുന്നതെന്നും ഹജ്ജുമ്മ പറയുന്നു. പ്രായത്തെപ്പോലും മറന്ന് നിസ്വാര്‍ഥസേവനം കാഴ്ചവെക്കുന്ന ഹജ്ജുമ്മ എം.ഇ.എസ്. യൂത്ത്‌വിങ് ഏര്‍പ്പെടുത്തിവരുന്ന ഡോ.പി.കെ. അബ്ദുല്‍ ഗഫൂര്‍ സ്മാരക കാരുണ്യപ്രതിഭാ പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട്.
ഹുസൈന്‍ കറ്റാനം ജിദ്ദ

No comments:

Post a Comment