Saturday, July 2, 2011

ഉമ്മ: സ്‌നേഹ സാഗരം

ചരിത്രത്തില്‍ നിന്നും തുടങ്ങാം. രാത്രി പതിവ് പോലെ നിസ്‌ക്കാരവും ഭക്ഷണവും കഴിഞ്ഞ് കിടന്നുറങ്ങിയതാണ്, പെട്ടന്നാണ് വീട്ടന്റെ ഒരു ഭാഗത്ത് അസാധാരണമായ ശബ്ദം കേള്‍ക്കുന്നത്. വീട്ടുടമസ്ഥന്‍ ഏഴുന്നേറ്റ് നോക്കിയപ്പോഴാണ് വീട്ടില്‍ കള്ളന്‍ കയറിയ വിവരം അറിയുന്നത്. ഒച്ചപ്പാടും ബഹളവുമായി, അയല്‍ വാസികള്‍ മറ്റും ഓടിവന്നു.
കള്ളനെ പിടികൂടാനുള്ള ശ്രമമായി സാധ്യതയുള്ള സ്ഥലമെല്ലാം പരിശോധിച്ചു. പക്ഷെ കള്ളനെ കാണാനില്ല. അവസാനം വെറുതെ പരിസരത്തുള്ള പള്ളിയുടെ വാതില്‍ തുറന്നു നോക്കി. അതാ കള്ളന്‍ നിസ്‌ക്കരികുന്നു. `അമ്പട കള്ളാ ഓടി വന്ന് കൈകെട്ടിയിരിക്കുകയാ` അപരിചിതനായ യുവാവിനെ പിടിച്ചു പുറത്തേക്ക് കൊണ്ട് വന്നു. പൊതിരെ പെരുമാറി. കള്ളനെ രാജ സന്നിധിയിലേക്ക് കൊണ്ടു പോയി. രാജ കല്‍പ്പന പ്രകാരം യുവാവിന്റെ ഇരു കൈകാലുകളും മുറിക്കപ്പെട്ടു, രണ്ട് കണ്ണുകളും ചുഴ്ന്നുമാറ്റപ്പെട്ടു. കള്ളനെ കൈയോടെ പിടിക്കപ്പെട്ട സന്തോഷത്തോടെ ജനം കുറ്റവാളികള്‍ക്കും, മോഷ്ടാക്കള്‍ക്കും പാഠമാവാന്‍ തെരുവുകളിലൂടെ യുവാവിനെ വലിച്ചിഴച്ചു നടന്നു. `മോഷ്ടാവിനു ലഭിക്കുന്ന ശിക്ഷയാണിത്` എന്ന് ആള്‍ക്കൂട്ടം ഉറക്കെ
വിളിച്ചു പറഞ്ഞു.

അപ്പോള്‍ യുവാവ് ഇടറുന്ന ശബ്ദത്തില്‍ ഉറക്കെ വിളിച്ചു പറഞ്ഞു: `ഓ ജനങ്ങളെ ഇത് കട്ടതിനുള്ള ശിക്ഷയാണെന്ന് പറയരുത്; ഇത് ഉമ്മയുടെ സമ്മതമില്ലാതെ ത്വവാഫ് ചെയ്യാന്‍ മക്കയിലേക്ക് പുറപ്പെട്ടവന്റെ ശിക്ഷയാണിതെന്ന് നിങ്ങള്‍ പറയൂ'. യുവാവിന്റെ കണ്ണീരില്‍ കുതിര്‍ന്ന വാക്കുകള്‍ കേട്ട ജനങ്ങള്‍ കാര്യമന്വേഷിച്ചു. അദ്ദേഹം നടന്ന സംഭവം വിവരിച്ചു. ഞാന്‍ മക്കയിലേക്ക് ത്വവാഫ് ചെയ്യാന്‍ പുറപ്പെടാനുദ്ദേശിച്ചു ഉമ്മയോട് സമ്മതം ചോദിച്ചപ്പോള്‍ ഉമ്മ സമ്മതം തന്നില്ല. സമ്മതമില്ലാതെ ഞാന്‍ ത്വവാഫിനു പുറപ്പെട്ടു. എന്നെ വിട്ടുപിരിയാന്‍ സാധിക്കാത്ത ഉമ്മ ഖല്‍ബ് പൊട്ടി ദുആ ചെയ്തു `പടച്ചവനെ എന്നെ വേദനിപ്പിച്ചു യാത്ര പോകുന്ന മകന് നീ ശിക്ഷ നല്‍കേണമെ`. ആ ദുആയുടെ ഫലാമാണിതെന്ന് യുവാവ് വിവരിച്ചപ്പോള്‍ ജനങ്ങള്‍ ആകെ വെപ്രാ!ളത്തിലായി. പിന്നീട് അവര്‍ ഇദ്ദേഹത്തെ ഉമ്മയുടെ സമീപത്തെത്തിച്ചു. അവര്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടു.

മക്കയിലേക്കുള്ള യാത്രാമധേയ രാത്രി ഇബാദത്തിന് വേണ്ടി പള്ളിയില്‍ കയറി നീണ്ട നിസ്‌ക്കാരം നിര്‍വ്വഹിക്കുന്നതിനിടയില്‍ ഒരു മഹാനായ ശൈഖിന് ഏല്‍ക്കേണ്ടി വന്ന ശിക്ഷയും, കഅബ കാണാതെ, ത്വവാഫ് ചെയ്യാന്‍ കഴിയാതെ തിരിച്ചെത്തേണ്ടി വന്ന ദുരവസ്ഥയും ഒന്നാലോചിച്ചു നോക്കൂ. ഈ ദുരന്തത്തിനുള്ള കാരണം ഉമ്മയുടെ ദുആയാണ്. അംഗവൈകല്യം സംഭവിച്ച തന്റെ മകനെ കാണാനുള്ള മനക്കരുത്തില്ലാത്ത ആ മാതാവ് മകന് മാപ്പു കൊടുത്തതും ഇരുവരുടെ മരണത്തിനു വേണ്ടി ദുആ ചെയ്തതും, ദുആ സ്വീകരിച്ചതും ചരിത്രത്തിന്റെ ബാക്കിഭാഗം.

അതെ, ഉമ്മ സ്‌നേഹ സാഗരമാണ്. യുവാക്കളെ നമുക്കു ഒന്നു ചിന്തിച്ചുക്കൂടെ.... നാട് വിട്ട മകന്‍ വീടുമായോ, കുടുംബമായോ യാതൊരു ബന്ധവും ഇല്ലാതെ വര്‍ഷങ്ങള്‍ക്ക് ശേഷം ഒരുനാള്‍ അവന്‍ ആരും അറിയാതെ തിരുച്ചു വരുകയാണ്, അതും രാത്രി രണ്ട് മണിക്ക്. അവന്‍ കതകിനു മുട്ടി ഉമ്മ വാതില്‍ തുറന്നു. നീ ചോറ് തിന്നോ മോനെ? ഉമ്മാന്റെ ചോദ്യം. ഇല്ല. രണ്ടു പേരും അടുക്കളയിലേക്ക് നീങ്ങി, ആശ്ചര്യം മകന്റെ ഭക്ഷണം ആ അടുക്കളയില്‍ റെഡിയായിരുന്നു. ഞാന്‍ ഇന്നു വരുമെന്ന് ഉമ്മയെങ്ങിനെയറിഞ്ഞു, ആരെങ്കിലും പറഞ്ഞിരുന്നോ? മകന്റെ ചോദ്യത്തിന് ഉഅമ്മയുടെ മറുപടി: ദിവസവും നിനക്ക് വേണ്ടി ഞാന്‍ ഭക്ഷണം ഉണ്ടാക്കാറുണ്ട്. എന്റെ മോന്‍ രാത്രി വന്നാലോ?...... വീടു വിട്ടിറങ്ങുന്ന മക്കള്‍, നാടു വിടുന്ന കുട്ടികള്‍ ഇവരറിയുന്നൊ ഇവരെയോര്‍ത്ത് ഉരുകിത്തീരുന്ന ഒരു മാതൃഹൃദയത്തിന്റെ നോവ്.

വീണ്ടും ചിന്തികുന്ന യുവാക്കള്‍ക്ക് വേണ്ടി..! ഭാര്യയുടെ വാക്കുകേട്ട് മാതാവിന്റെ കരള്‍ പറിച്ച് കൈയില്‍ പിടിച്ചു മകന്‍ ഓടുകയാണ്. ഓട്ടത്തിനിടയില്‍ മുട്ടുകുത്തി വീണ മകനോട് കൈയില്‍ നിന്ന് കരള്‍ ചോദിക്കുകയാണ് മകനെ നിനക്ക് വേദനിച്ചോ..?ഉമ്മ സ്‌നേഹ സാഗരമാണ്, ഒരു കാലത്തും വറ്റാത്ത മഹാ സമുദ്രം. ഏതു കുറ്റത്തിനും മാപ്പ് നല്‍കുന്ന മഹാ മനസ്സ്. പെറ്റുമ്മയോളം സ്‌നേഹമുള്ള ഒരാളും ഇന്നില്ലന്ന തിരിച്ചറിവ് മക്കളുടെ മനസ്സില്‍ പതിയണം. മാതാവിനോടും പിതാവിനോടുമുള്ള കടപ്പാടുകള്‍ വളരെ വലുതാണ്. അതില്‍ സംഭവിക്കുന്ന വീഴ്ചകള്‍ക്ക് പ്രതിഫലം ഇവിടെ നിന്ന് തന്നെ അനുഭവിക്കേണ്ടി വരും. ഖുര്‍ ആന്‍ ശക്തമായി തന്നെ ഈ വിഷയം പ്രതിപാദിച്ചതായി കാണാം.

അല്ലാഹുവിന്നാല്ലാതെ ഇബാദത്ത് ചെയ്യരുതെന്നും മാതാപിതാക്കള്‍ക്ക് നന്മചെയ്യണമെന്നും നാം വിധിച്ചിരിക്കുന്നു. അവര്‍ക്ക് പ്രായമായാല്‍ അവരുടെ മനസ്സ് വേദനിക്കുന്ന ഒരു വാക്കുപോലും പറയരുത്. അവരെ വിരട്ടരുത്. അവരോട് മാന്യമായി സംസാരിക്കുക. കരുണയോടെ നന്മയുടെ ചിറക് താഴ്ത്തിക്കൊടുക്കുക, `റബ്ബിര്‍ഹംഹുമാ കമാറബ്ബയാനീ സഗീറാ` എന്നു ദുആ ചെയ്യുക(ഇസ് റാഹ് 24). മാതാപിതാക്കളില്‍ മാതാവിന്നാണ് ഒന്നാം സ്ഥാനം. ആര്‍ക്കാണ് കൂടുതല്‍ ഗുണം ചെയ്യേണ്ടത് എന്ന് നബിയോട് ചോദിച്ചു. നബി(സ) പറഞ്ഞു: ഉമ്മുക (നിന്റെ ഉമ്മയോട്) മൂന്ന് തവണ ഈ ചോദ്യം ആവര്‍ത്തിച്ചപ്പോഴും മറുപടി: ഉമ്മുക എന്നായിരുന്നു. നാലാം തവണയാണ് പിതാവിനെ പറഞ്ഞത് (ബുഖാരി).

ആരിഫ് അറഫ

No comments:

Post a Comment