Saturday, July 2, 2011

ഉമ്മയുടെ മരണം

ഓര്‍ക്കാപുറത്തു ഒരുച്ച നേരത്ത് സലീമിന്റെ തേടിയെത്തിയ ഒരു ഫോണ്‍ കോള്‍, അതു സലീമിന്റെ ആദ്യ മുതലാളിയും അയല്‍വാസിയുമായ അബ്ദുള്ള ഹാജിയുടേതായിരുന്നു. സലാം പറഞ്ഞു തുടങ്ങിയ ഹാജിക്ക സലീമിനോട് മറ്റൊന്നും പറഞ്ഞില്ല. നിന്റെ ബോസിന് ഫോണ്‍ കൊടുക്കുക എന്നു മാത്രമേ പറഞ്ഞുള്ളു. ഇത് കേട്ട സലീം ഒന്ന് അമ്പരന്നു.
എന്റെ മുന്‍ മുതലാളി എന്തിനു പുതിയ ബോസിനു ഫോണ്‍ കൊടുക്കാന്‍ പറഞ്ഞു. വിസയുടെ വല്ല പ്രശ്‌നവും ഉണ്ടോ ? അങ്ങനെ സലീമിനെ ചിന്തിച്ചിപ്പത് ഹാജിക്കയുടെ വിസയില്‍ തന്നെയായിരുന്നു അപ്പോഴും സലിം. മറ്റൊരു കടയിലേക്ക് ജോലി മാറിയെങ്കിലും വിസ മാറ്റിയിരുന്നില്ല. ഫോണ്‍ ബോസിന് കൈമാറിയ സലിം ബോസിനെ തന്നെ ശ്രദ്ധിച്ചു. ബോസിന്റെ മുഖഭാവ മാറ്റം പ്രത്യേകം ശ്രദ്ധിച്ചിരുന്ന സലീമിനോട് ഫോണ്‍ വെച്ച ശേഷം ബോസ് പറഞ്ഞു. വേഗം നീ നിന്റെ പഴയ കടയിലേക്ക് പോവണം. എന്തിനാ എന്ന ചോദ്യത്തിന് ഒന്നും ചോദിക്കേണ്ട വേഗം വിട്ടോളു എന്നു മാത്രമേ ബോസ് പറഞ്ഞുള്ളു. വിസയുടെ എന്തോ ഒരു പ്രശ്‌നം ഉണ്ട് എന്നുറപ്പിച്ച സലിം ഉടനെ തന്നെ ടാക്‌സി പിടിച്ചു പഴയ കടയിലേക്ക് തിരിച്ചു. പക്ഷെ വിസയുടെ കാര്യമെങ്കില്‍ എന്നോട് തന്നെ നേരിട്ടു പറഞ്ഞാപോരെ ഹാജിക്കാക്ക്, എന്തിനു എന്റെ ബോസിനോട് പറഞ്ഞു. ഒന്നും മനസ്സിലാവാതെ സലീം തല പുകഞ്ഞു. ഇനി നാട്ടില്‍ സുഖമില്ലാതെയുള്ള ഉപ്പാക്ക് വല്ലതും സംഭവിച്ചോ ? ടാക്‌സിയുടെ വേഗത ഒന്ന് കൂടിയിരുന്നെങ്കില്‍ എന്നു അറിയാതെ സലീം ആഗ്രഹിച്ചു. പാക്കിസ്ഥാനി ഡ്രൈവറോട് അതു തുറന്നു പറയാനുള്ള ധൈര്യമൊന്നും സലീമിനു ഇല്ല. ടാക്‌സി നേരെ തന്റെ പഴയ കടയുടെ മുന്നില്‍ തന്നെ നിര്‍ത്തി. ഉടന്‍ ചാടിയിറങ്ങി കടയിലേക്ക് ഓടിക്കയറി. കടയില്‍ ആകെ നിശബ്ദത. ജോലിക്കാരായ മൊയ്തു മൗലവിയും, ബഷീറും, മുഹമ്മദും ഹാജിക്കയുടെ കൂടെ തന്നെ മ്ലാനവതരായി ഇരിക്കുന്നു. കടയിലെ അന്തരീക്ഷം കണ്ടപാടെ സലീമിനു പന്തികേടു തോന്നു. കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ട്. നേരെ ഹാജിക്കയുടെ അടുത്ത് പോയി എന്താ എന്നെ വരാന്‍ പറഞ്ഞെ ? വളരെ താഴ്മയോടെ തന്നെ സലിം ചോദിച്ചപ്പോള്‍ ഹാജിക്ക ഒന്നും മറുപടി പറയുന്നില്ല. ഗൗരവക്കാരനായ ഹാജിക്കയുടെ മൗനം സലീമില്‍ വീണ്ടും ഭീതി പരത്തി. സലീമിന്റെ കണ്ണു നിറഞ്ഞു. വിളറിയ സ്വരത്തില്‍ ഉച്ചത്തില്‍ ചോദിച്ചു. എന്താ സംഭവിച്ചത്, എന്തേ ആരും ഒന്നും മിണ്ടാതിരിക്കുന്നത് ? കടയിലെ കസേരയില്‍ പോയി തലതാഴ്ത്തി ഇരുന്നു സലീം കരഞ്ഞു. സലിം ഈ കടയില്‍ ജോലി ചെയ്യുന്ന സമയത്തും ഒരു ഉപദേശകനായിരുന്ന മൊയ്തു മൗലവി മെല്ലെ എണീറ്റുവന്ന് സലീമിന്റെ അടുത്തു നിന്നു. മോനെ എന്നു തുടങ്ങുമ്പോള്‍ തന്നെ സലീം വീണ്ടും അട്ടഹസിച്ചു. എന്താ ഉസ്താദെ പറ്റിയത് പറയാം മോനേ...തോളത്ത് കൈവെച്ചു മൊയ്തു മൗലവി പറഞ്ഞു. നിന്റെ ഉമ്മാക്ക്... എന്ത് ..സലിം മൊയ്തു മൗലവിയെ പറഞ്ഞുതീര്‍ക്കാന്‍ അനുവദിച്ചില്ല. എന്താ എന്റെ ഉമ്മയ്ക്ക് പറ്റിയത്. എങ്ങനെ പറയണമെന്നറിയാതെ മൊയ്തു മൗലവിയുടെ കണ്ണുനിറഞ്ഞു. മോനെ..ജനിച്ചാല്‍ നമുക്ക് മരണം നിര്‍ബന്ധമാണ്. പിന്നെ ആ കട മൊത്തം കുലുങ്ങി. സലീമിന്റെ കരച്ചില്‍ കൊണ്ട്. എല്ലാവരും കൂടെ അടുത്തിരുന്നു പറഞ്ഞു. മോനെ നിന്റെ ഉമ്മ മരിച്ചുപോയി... ഒരിക്കലും സലീമിനു വിശ്വസിക്കാനാവുന്നില്ല. തലേദിവസം പോലും ഫോണ്‍ വിളിച്ചും കുറേ സംസാരിക്കുകയും ചെയ്ത എന്റെ ഉമ്മ മരിച്ചെന്നോ, നിങ്ങള്‍ക്ക് തെറ്റിയതായിരിക്കും. ഉപ്പയായിരിക്കും ഉസ്താദേ...? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഉപ്പ മരിച്ചു എന്ന് വിശ്വസിക്കാന്‍ സലീമിന് പ്രയാസമുണ്ടായിരുന്നില്ല. വീണ്ടും മൊയ്തു ഉസ്താദ് അല്ല മോനെ..ഉമ്മ തന്നെ..കണ്ണീരില്‍ മുങ്ങിയ മുഖമൊന്ന് തുടക്കാന്‍ പോലും പറ്റാതെ സലീം ആ മേശപ്പുറത്ത് തന്നെ തലചായ്ച്ച് കിടന്നു. ആരുതന്നെ സമാധാനിപ്പിച്ചിട്ടും കരച്ചിലടക്കാന്‍ സലീമിനായില്ല. അപ്പോള്‍ എനിക്ക് നാട്ടില്‍ പോകാന്‍ പറ്റുമോ ? ഹാജിക്കയോട് സലീം ചോദിച്ചു.

വിസയുടെ കാലാവധി കഴിഞ്ഞു പുതുക്കി കിട്ടാന്‍ വേണ്ടി തന്റെ പാസ്‌പോര്‍ട്ട് കൊടുത്തിട്ടുണ്ടെന്നറിഞ്ഞിട്ടും സലിം ചോദിച്ചു. ഹാജിക്ക പറഞ്ഞു, നിന്റെ പാസ്‌പോര്‍ട്ട് ഇമിഗ്രേഷനിലാണ്. പുതുക്കികിട്ടിയിട്ടില്ല മോനെ, ഇന്നു കിട്ടിയാല്‍ പോകാം. പ്രതീക്ഷ തീരെയില്ലാത്ത ഹാജിക്കായുടെ വാക്കുകേട്ട് സലീം വീണ്ടും കരഞ്ഞു. മയ്യത്ത് പോലും കാണാന്‍ ഭാഗ്യമില്ലേ എനിക്ക്...മറവു ചെയ്യാതെ മയ്യത്ത് കൂടുതല്‍ സമയം വെച്ചുനീട്ടുന്നത് നല്ലതല്ല മോനെ. മൊയ്തു ഉസ്താദ് ഇടയില്‍ കയറി പറഞ്ഞു. അപ്പോള്‍ തീര്‍ച്ചയായും പാസ്‌പോര്‍ട്ട് കിട്ടില്ലേ എന്ന് സലിം പരിസരബോധം മറന്ന് അട്ടഹസിച്ചുപോയി. നോക്കാം എന്നു മാത്രമേ എല്ലാവരും മറുപടി പറഞ്ഞുള്ളു. പക്ഷേ, പാസ്‌പോര്‍ട്ട് കിട്ടണമെങ്കില്‍ വൈകിട്ടാവണം എന്നു മുഹമ്മദ് അറിയാതെ പറഞ്ഞുപോയി. അതേയോ, സലീം മുഹമ്മദിനോട് തിരിച്ചുചോദിച്ചു. അതെ, എന്നാലും വേഗം കിട്ടാന്‍ വേണ്ടി ട്രൈ ചെയ്യുന്നുണ്ട് എന്നുപറഞ്ഞ് മുഹമ്മദ് തടിയൂരി. വൈകിട്ട് കിട്ടിയാല്‍ തീര്‍ച്ചയായും മയ്യത്ത് കാണാന്‍ പറ്റില്ല എന്ന് സലീം ഉറപ്പിച്ചു.

സമപ്രായക്കാരായ ബഷീറും മുഹമ്മദും സലീമിനെയും കൂട്ടി റൂമിലേക്ക് പോയി. നാട്ടുകാരുടെയും, കുടുംബക്കാരുടെയും ഒരു പാട് ഫോണ്‍കോളുകള്‍ സലീമിന്റെ റൂമില്‍ അലയടിച്ചു. ഒരൊറ്റ ഫോണും എടുത്ത് മറുപടി പറയാന്‍ സലീമിനായില്ല. വെറും കരച്ചില്‍ മാത്രം. പ്രവാസ ജീവിതം സലീമിനു സമ്മാനിച്ച ഏറ്റവും അടുത്ത സുഹൃത്ത് ഖലീല്‍ സംഭവമറിഞ്ഞ് ലീവെടുത്ത് ഓടിച്ചാടി റൂമില്‍ എത്തുമ്പോഴേക്കും കരഞ്ഞുതളര്‍ന്ന സലീമിനെയാണ് കണ്ടത്. ഖലീലിനെ കണ്ടപാടെ ഓടിപ്പോയി കെട്ടിപ്പിടിച്ച് സലീം ഉച്ചത്തില്‍ കരഞ്ഞു. മോനെ..പോയെടാ എന്റുമ്മ..സലീമിന്റെ കരച്ചില്‍ കേട്ട് ഖലീല്‍ വിങ്ങി. സമാധാനിക്കെടാ, എല്ലാം അള്ളാഹുവിന്റെ വിധിയല്ലെ, ഖലീല്‍ സലീമിനെ സമാധാനിപ്പിക്കാന്‍ നന്നേ പാടുപ്പെട്ടു. സലീമിന്റെ വീട്ടിലേക്ക് വിളിച്ച് ഖലീല്‍ തന്നെ സലീമിന് ഫോണ്‍ കൈമാറി. അവിടെ കരഞ്ഞുതളര്‍ന്ന പെങ്ങളാണ് ഫോണെടുത്തത്. സലീമിന് കരയാനല്ലാതെ പെങ്ങളോട് ഒന്നും പറയാന്‍ പറ്റിയില്ല. ഇച്ചാ പോയി നമ്മുടെ ഉമ്മ എന്നു മാത്രമേ പെങ്ങള്‍ സലീമിനോട് പറഞ്ഞുള്ളു. പിന്നെ രണ്ടുപേരും ഒന്നിച്ചു കരഞ്ഞു. നിനക്ക് വരാന്‍ പറ്റില്ലേ ഇച്ചാ,, പെങ്ങള്‍ ചോദിച്ചപ്പോള്‍ പ്രവാസ ജീവിതത്തെ ശപിക്കാനേ സലീമിനായുള്ളു.പറ്റില്ല മോളെ, ഈ മരുഭൂമിയില്‍ വെച്ച് കരഞ്ഞുതീര്‍ക്കാനെ എനിക്ക് പറ്റുളളു.

അംഗശുദ്ധി വരുത്തി മേശപ്പുറത്തിരുന്ന ഖുര്‍ആന്‍ എടുത്ത് യാസിന്‍ പേജ് മറിച്ചു. സലീം കരഞ്ഞ് കരഞ്ഞ സ്വരത്തില്‍ ഓതി. യാസീന്‍ വല്‍ ഖുര്‍ആന്‍ അല്‍ ഹകീം...കൂടെ അവിടെക്കൂടിയ എല്ലാവരും കൂടി സലീമിന്റെ കൂടെ ഓതി. ഖുര്‍ആന്‍ പാരായണം കൊണ്ട് ആ അടച്ചിട്ട മുറി കുളിര്‍മയുടെ കൂടാരമായി മാറി. ഉമ്മയുടെ മയ്യത്ത് കുളിപ്പിക്കാന്‍ എടുത്തു എന്ന് ഖലീല്‍ മെല്ലെ യസീനില്‍ മുഴുകിയ സലീമിനോട് പറഞ്ഞു. സലീം ഓത്ത് നിര്‍ത്തിയില്ല. തന്റെ പെറ്റുമ്മ അധികം വൈകാതെ അള്ളാഹുവിന്റെ മുന്നിലെത്തും, സലീമിന്റെ മനസ്സ് മന്ത്രിച്ചു. ഖുര്‍ആന്‍ മടക്കി വെച്ച് സലീം നാട്ടിലുള്ള അനുജനെ വിളിച്ചു. ഇച്ചാ ഉമ്മയുടെ മയ്യത്ത് പള്ളിയിലേക്ക് എടുക്കാന്‍ ഒരുങ്ങുന്നു. അവിടെ മുഴങ്ങിയ ലാഹിലാഹ് ഇല്ലാല്ലാഹ് സലീമിന് കേള്‍ക്കാമായിരുന്നു. ഇരുകൈയ്യും മേല്‍പ്പോട്ടുയര്‍ത്തി അള്ളാഹുവിനോട് പ്രാര്‍ത്ഥിച്ചു. ഉമ്മയ്ക്ക് പൊറുത്തുകൊടുക്കേണമേ എന്നും.. മയ്യത്ത് നിസ്‌കാരം ഇന്നു രാത്രി അടുത്തുള്ള പള്ളിയില്‍ സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങളൊക്കെ കൂട്ടുകാരന്‍ ഖലീല്‍ ഒരുക്കിവെച്ചു. തന്റെ കടയിലെ മൊയ്തു മൗലവി തന്നെയായിരുന്നു നിസ്‌കാരത്തിന് നേതൃത്വം. മുന്‍ നിരയില്‍ തന്നെ സലീം ഉമ്മയ്ക്ക് വേണ്ടി മയ്യത്ത് നിസ്‌കരിക്കാന്‍ കൈകെട്ടി നിന്നും. മയ്യത്ത് നിസ്‌കരിക്കാന്‍ നാട്ടുകാരായ കുറേ നല്ലവരും കൂട്ടുകാരായ കുറേ മനസ്സുള്ളവരും കൂടിയപ്പോള്‍ സലീമിന്റെ മനസ്സ് മെല്ലെ തണുത്തു. ഉസ്താദിന്റെ പ്രാര്‍ത്ഥനയ്ക്ക് കൂടിയവരൊക്കെ ഒന്നിച്ച് ആമിന്‍ പറഞ്ഞപ്പോള്‍ കണ്ണീര്‍ വറ്റിവരണ്ട മുഖം പ്രകാശിച്ചു. നിസ്‌കാരത്തിന് കൂടിയവര്‍ക്കുള്ള മധുരപാനീയം ആരും പറയാതെ തന്നെ ആത്മസുഹൃത്ത് ഖലീല്‍ പള്ളിക്ക് പുറത്ത് ഒരുക്കിവെച്ചത് കണ്ടപ്പോള്‍ സലീമിനും തന്റെ ജീവനുതുല്യമായ സുഹൃത്തിനോട് വല്ലാത്ത സ്‌നേഹം തോന്നി.

പ്രവാസ ജീവിതത്തില്‍ ഇതുപോലെ ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ കിട്ടുക എന്നത് ഒരു ഭാഗ്യമല്ലേ...അറിയാതെ ആ മനസ്സ് മന്ത്രിച്ചുപോയി... എല്ലാവരോടും സലാം പറഞ്ഞ് ഖലീലിന്റെ വണ്ടിയില്‍ കയറി വീണ്ടും റൂമിലേക്ക് തിരിച്ചപ്പോള്‍ സലീമിന്റെ മനസ്സുമുഴുവനും ഉമ്മ മാത്രമായിരുന്നു. ആ ഓര്‍മ്മയോടുകൂടി തന്നെ വിരിച്ചുവെച്ച കിടക്കയില്‍ പോയി സലീം വീണ്ടും ഒരിക്കല്‍ ഈ പ്രവാസ ജീവിതം ശപിച്ചുകിടന്നുറങ്ങി..

നൂറുദ്ദീന്‍ ചെമ്പരിക്ക

No comments:

Post a Comment